COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
​​സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ (Polymerase Chain Reaction) മെഷീനുകള്‍ വാങ്ങാന്‍ അനുമതി നല്‍കി. ഇതില്‍ 7 പിസിആര്‍ മെഷീനുകള്‍ ലഭ്യമായിട്ടുണ്ട്. രണ്ടെണ്ണം വീതം കണ്ണൂര്‍, എറണാകുളം മെഡിക്കല്‍ കോളേജുകള്‍ക്കും ഓരോന്ന് വീതം കോട്ടയം, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്കുമാണ് നല്‍കുന്നതാണ്. ഇതിനാവശ്യമായ അതത് കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ട്. എത്രയും വേഗം ഈ ലാബുകളില്‍ പരിശോധന തുടങ്ങാന്‍ സാധിക്കും.

കേരളത്തില്‍ ഇതുവരെ 9 ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന ഇപ്പോള്‍ നടത്തി വരുന്നത്. പുതുതായി കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലും പരിശോധന നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
​​സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു. സന്നദ്ധരായ പി.എച്ച്.പി വെബ് ഡെവലപ്പര്‍മാരും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യകള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാരും ദയവായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തെ ബന്ധപ്പെടുക.

കടകംപള്ളി സുരേന്ദ്രൻ

#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19Kerala
​​ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കാവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനു വേണ്ടി പോലീസ് സംവിധാനം ഒരുക്കി. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോണ്‍ നമ്പരും പോലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പോലീസ് ശേഖരിച്ച ശേഷം നോഡല്‍ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോള്‍ വാഹനങ്ങളിലോ മരുന്നുകള്‍ നിര്‍ദ്ദിഷ്ടസ്ഥലത്ത് എത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നോഡല്‍ ഓഫീസര്‍ നല്‍കും.ഇതിനായി ഹൈവേ പട്രോൾ വാഹനങ്ങളുൾപ്പെടെ തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തി.

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജും, കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളും മരുന്നുകള്‍ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും ഈ കേന്ദ്രങ്ങളില്‍ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകള്‍ എത്തിക്കേണ്ടതെങ്കില്‍ അവ ശേഖരിച്ച് ജനമൈത്രി പോലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പോലീസ് മേധാവിമാരെ ഏൽപ്പിച്ചു. മരുന്നുകള്‍ മാറിപ്പോകാതിരിക്കാനും കൃത്യമായ മേല്‍വിലാസത്തില്‍ത്തന്നെ എത്തിച്ചുനല്‍കാനും അതീവശ്രദ്ധ പുലര്‍ത്തണമെന്ന നിർദേശം പോലീസിനു നൽകിയിട്ടുണ്ട്.

Kerala police has made an arrangement to deliver medicines for people with critical illnesses. You can contact the number, 112, to avail this facility. Police will collect medicines that are securely packed and containing the details of the patient including his name, address, phone number, and the name of the police station. Then they will pass the information to the nodal officer in charge. Nodal officer will provide directions to take the medicines to the patient by a specially allocated vehicle or any vehicle of the highway patrol. Special vehicle arrangements have been made for this at Kochi and Thiruvananthapuram.

Thiruvananthapuram medical college and the central police stations in Kochi will be used as the collection centers in the respective cities. Doctors, hospital authorities, and family members can directly bring medicines to these centers. If the medicines have to be delivered in the interiors of the district, the district police heads will assign that duty to janamaithri police. Police have been given strict directions to deliver the medicines to the right addresses without any mistake.

Pinarayi Vijayan
Chief Minister

#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19Kerala
​​കേരളത്തിലെ 14 ജില്ലകളിലായി നൂറുകണക്കിന് ആരോഗ്യപരിപാലന കേന്ദ്രങ്ങളിലും താമസസൗകര്യമുള്ള പൊതുസ്ഥാപനങ്ങളിലും, കോളേജുകളിലും കൊറോണ ബാധയുടെ ചികിത്സതേടിയും സംശയനിവാരണത്തിനും വരുന്നവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ശരിയാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം സര്‍വ്വസജ്ജമായി രണ്ടാഴ്ചക്കാലമായി പ്രവര്‍ത്തിച്ചു വരികയാണ്..

സമൂഹത്തിൽ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ ഈ ഐസൊലേഷന്‍ വാര്‍ഡുകളും നിർമ്മിതികളും സംസ്ഥാനമൊട്ടാകെ സജ്ജമാക്കുന്ന പ്രവൃത്തികളില്‍ രാപ്പകലേര്‍പ്പെട്ടിരിക്കുന്നത് മുന്നൂറില്‍പ്പരം പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരും ആയിരത്തിലധികം ഓവര്‍സിയര്‍മാരുമാണ്.

കൊറോണയ്ക്കെതിരായ ചികിത്സയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ മന്ത്രിസഭയുടേയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ആഹ്വാനം വന്നതിനെതുടര്‍ന്ന് വകുപ്പിന് നല്‍കിയ കൃത്യമായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്.

തുടര്‍ന്ന് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്ലാ ജില്ലകളിലും ഓരോ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ഇതിനായി ചുമതലപ്പെടുത്തുകയും അവര്‍ക്കു കീഴില്‍ എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരുമായി 1300 ല്‍ പരം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ അവശ്യസര്‍വ്വീസില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കി.

എല്ലാ ദിവസവും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ചീഫ് എഞ്ചിനീയറുടെയും അവലോകനം നടത്തി ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കല്‍ പുരോഗതി വിലയിരുത്തി വരുന്നു. ഏപ്രില്‍ 1 വരെ 14 ജില്ലകളിലായി 1,07,928 ബെഡിനുള്ള സൗകര്യങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. അതില്‍ ബാത്ത്റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകളാണ് ഇപ്പോള്‍ സജ്ജമാക്കിയിട്ടുള്ളത്.

സ്ഥല സൗകര്യം കണ്ടെത്തിയതില്‍ ഇനി സജ്ജമാക്കാനുള്ളത് 30,830 ബെഡുകളാണ്. ഇത് ഏപ്രില്‍ 5 നുള്ളില്‍ സജ്ജമാക്കും. ഏപ്രില്‍ 5 ആകുമ്പോള്‍ കേരളത്തില്‍ സജ്ജമാക്കുന്ന ബെഡുകള്‍ 1,07,928 ആയിരിക്കും. ഇതില്‍ 60% പ്രത്യേക മുറികളാണ്. 30% വിശാലമായ ഹാളുകള്‍ ഐസൊലേഷന്‍ നിര്‍മ്മിതികളുണ്ടാക്കി ബാത്ത്റൂം സൗകര്യത്തോടു കൂടിയാണ് ഉണ്ടാക്കുന്നത്.

റൂമുകളില്‍ എയര്‍കണ്ടീഷന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിച്ചിട്ടുണ്ട്. റൂമുകളിലെ സ്റ്റെറിലൈസേഷന്‍, ഓക്സിജന്‍ സിലണ്ടറുകള്‍, കിടക്ക സംവിധാനങ്ങള്‍, മറ്റു ചികിത്സാകാര്യങ്ങള്‍ എല്ലാം സജ്ജമാക്കുന്നത് ആരോഗ്യ വകുപ്പ് തന്നെയാണ്. 15 ദിവസം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ മികച്ച നേട്ടമുണ്ടാക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്കു പുറമേ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, അവിടെയുള്ള ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മെഡിക്കല്‍-എഞ്ചിനീയറിംഗ്, ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ അവയുടെ ഹോസ്റ്റലുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യവസായ വകുപ്പിന്‍റെ കീഴിലുള്ള കെട്ടിടങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ആവശ്യമെന്നു കണ്ടാൽ മറ്റു വകുപ്പുകളുടെ അനുമതിയോടെ അവരുടെ കെട്ടിടങ്ങളും ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിയും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളും ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോകോളുമാണ് പാലിക്കുന്നത്.

എല്ലാ വകുപ്പുകളും മന്ത്രിമാരും ഒട്ടാകെയുള്ള ഭരണസംവിധാനവും മാധ്യമങ്ങളും കേരളീയ സമൂഹവും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിശ്ചയദാര്‍ഢ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് വിജയകരമായി നാം കൊറോണയെ പരാജയപ്പെടുത്തികൊണ്ടിരിക്കുകയാണ്.


രാപ്പകല്‍ ജോലി ചെയ്തു വരുന്ന പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ അടക്കമുള്ള എഞ്ചിനീയര്‍മാരെയും ഓവര്‍സിയര്‍മാരേയും മറ്റനുബന്ധ ജീവനക്കാരെയും അഭിനന്ദിക്കുന്നു.

നമ്മള്‍ പരാജയപ്പെടുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

അതിജീവനമായിരിക്കും ആത്യന്തിക ചരിത്രം.

#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19Kerala
​​കോവിഡ് 19 മഹാമാരിയുടേയും ലോക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ശ്രവണ സംസാര പരിമിതിയുള്ളവര്‍ക്കായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, ആംഗ്യ ഭാഷയിലെ വാര്‍ത്തകള്‍, ബോധവത്ക്കരണ പരിപാടികള്‍ എന്നിവയാണ് അതില്‍ പ്രധാനം. ഈയൊരു സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണം.

ശ്രവണ സംസാര പരിമിതിയുള്ളവര്‍ക്ക് ഈ കാലയളവില്‍ ഉണ്ടായേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ 9249505723 എന്ന നമ്പരിലും കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ 7994548133 എന്ന നമ്പരിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ 7025065488 എന്ന നമ്പരിലും ബന്ധപ്പെടേണ്ടതാണ്. ആംഗ്യഭാഷാ വിവര്‍ത്തകരുടെ സഹായത്തോടെ അതതു മേഖലയിലെ വിദഗ്ധരാണ് മറുപടി പറയുന്നത്. ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കാനും നിഷിന്റെ വെബ്‌സൈറ്റ് (www.nish.ac.in) വഴിയോ ഫേസ്ബുക്ക് വഴിയോ വിഡിയോ ആയോ മെസേജ് ആയോ പോസ്റ്റ് ചെയ്യാനും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സഹകരണ മേഖലയും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സംഘടനാ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ എല്ലാവരും ഐകകണ്‌ഠേന പിന്തുണ അറിയിച്ചു.

കടകംപള്ളി സുരേന്ദ്രന്‍‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി
​​കേരളത്തില്‍ 21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 8 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നും 5 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്ക് വീതവും ആണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 9 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും വന്നവരാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ (47) ദുബായില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി ഐസൊലേഷനില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷനിലേക്ക് ഉടന്‍ പ്രവേശിപ്പിക്കുന്നതാണ്.

കേരളത്തില്‍ 286 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 256 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്ന് കേരളത്തില്‍ 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ചികിത്സയിലായിരുന്ന ഓരോരുത്തരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 28 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

205 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,934 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 145 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 8456 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 7622 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

#StayHomeStaySafe #COVID19Kerala #BreakTheChain
@COVID19_Kerala
COVID-19 Kerala pinned «​​കേരളത്തില്‍ 21 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 8 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നും 5 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്…»
​​കോവിഡ്-19 പകർച്ചവ്യാധി കാരണം ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങൾ കേരളത്തിലുണ്ട്. നിത്യവേതനക്കാർ, സ്ഥിരവരുമാനമില്ലാത്തവർ, ചെറുകിട കർഷകർ, തുടങ്ങി കാര്യമായ നീക്കിയിരിപ്പു കയ്യിലില്ലാത്തവർ ഒരുപാടുണ്ടാകാം. മുഖ്യമായും അവരെ കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സർക്കാർ നൽകുന്നത്. എന്നാൽ നിങ്ങളിൽ ചിലരെങ്കിലും അത് ആവശ്യമില്ലാത്തവരാകാം. പലർക്കും അതു വേണ്ട എന്നു തോന്നുന്നുണ്ടാകാം. അങ്ങനെയുള്ളവർക്ക് ആ കിറ്റ് കൂടുതൽ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകാൻ സാധിക്കും. അതിനു കഴിവും ന്നദ്ധതയുമുള്ളവർ സിവിൽ സപ്ലൈസ് കോർപറേഷൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ Donate My kit എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അവിടെ നിങ്ങളുടെ റേഷൻ കാർഡ് നമ്പർ നൽകി, കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കൂ. ബുദ്ധിമുട്ടനുഭവിക്കുന്ന ആരുംതന്നെ കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ സഹായിക്കൂ.

പിണറായി വിജയൻ
മുഖ്യമന്ത്രി
​​കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസ് ഡിസ്ചാര്‍ജ് ആയപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയത്. 14 ദിവസത്തെ വീട്ടിലെ നിരീക്ഷണത്തിന് ശേഷം കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് രേഷ്മ പറയുന്നത്. നമ്മുടെ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്ക് എല്ലാ സൗക്യങ്ങളുമുണ്ട്. ഒരുപാട് ജീവനക്കാര്‍ സന്നദ്ധതയോടെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ആശങ്കകള്‍ ഇല്ലാതെ ഡ്യൂട്ടിയെടുക്കണം. കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് രേഷ്മ വ്യക്തമാക്കുന്നത്. രേഷ്മയെ വിളിച്ച് സന്തോഷം പങ്കുവച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ 88 ഉം 93 ഉം വയസുള്ള വൃദ്ധ ദമ്പതികളെ ശ്രുശ്രൂഷിച്ച നഴ്‌സിനായിരുന്നു രേഷ്മ. മാര്‍ച്ച് 12 മുതല്‍ 22 വരെയായിരുന്നു രേഷ്മയ്ക്ക് കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടായിരുന്നത്. ശാരീരിക അവശതകളോടൊപ്പം കൊറോണ വൈറസ് കാരണമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്ന വൃദ്ധ ദമ്പതികളെ രേഷ്മയ്ക്ക് വളരെ അടുത്ത് ശുശ്രൂക്ഷിക്കേണ്ടി വന്നു. ആരോഗ്യം പോലും നോക്കാതെ സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കിയാണ് രേഷ്മ അവരെ പരിചരിച്ചത്.

ഡ്യൂട്ടി ടേണ്‍ അവസാനിച്ച ശേഷം രേഷ്മയ്ക്ക് മാര്‍ച്ച് 23ന് ചെറിയ പനി ഉണ്ടായി. ഉടന്‍ തന്നെ ഫീവര്‍ ക്ലിനിക്കല്‍ കാണിച്ചു. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ സാമ്പിളുകളെടുത്ത് പരിശോധയ്ക്കായി അയയ്ക്കുകുയും കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് 24നാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ തലവേദനയും ശരീരവേദനയുമൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും ഈ നാളുകളില്‍ ഉണ്ടായില്ല.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
​​ദമ്പതികൾ ആശുപത്രി വിട്ടു.
തിളങ്ങുന്ന നക്ഷത്രമായി രേഷ്മ

കേരളത്തിനിത് അഭിമാന നിമിഷം. ആരോഗ്യരംഗത്ത് കേരളം വീണ്ടും ലോകത്തിന് മാതൃകയാകുകയാണ്. കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികളായ തോമസ് (93), മറിയാമ്മ (88) എന്നിവർ രോഗം ഭേദമായി ആശുപത്രി വിട്ടു. ദമ്പതികളെ ശ്രുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് ബാധിച്ചുവെന്ന വാർത്ത ആശങ്കയോടെയാണ് കേരളം ശ്രവിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്‌സ് രേഷ്മ മോഹന്‍ദാസും രോഗം ഭേദമായി ആശുപത്രി വിടുകയാണ്. കൊറോണയെ തോല്‍പ്പിക്കാന്‍ വീണ്ടുമെത്തുമെന്ന പറഞ്ഞ രേഷ്മ ഏവർക്കും മാതൃകയായി നമ്മുടെ ആരോഗ്യരംഗത്തെ തിളങ്ങുന്ന നക്ഷത്രമാകുകയാണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ ആത്മത്യാഗ സന്നദ്ധതയോടെ സൈധര്യം ഏറ്റെടുത്ത കേരളത്തിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിമാനപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ഇത് നമുക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
This media is not supported in your browser
VIEW IN TELEGRAM
കോട്ടയം നഗരസഭാ സമൂഹ അടുക്കളയെ സംബന്ധിച്ച് ചില മാധ്യമങ്ങൾ നൽകിയ വാർത്ത വസ്തുതാ വിരുദ്ധമാണ്. സമൂഹ അടുക്കളയുടെ നടത്തിപ്പിൽ പ്രതിസന്ധിയില്ല, ഇതിനാവശ്യമായ തുക വിനിയോഗിക്കാമെന്ന ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേരത്തെ നൽകിയിട്ടുള്ളതാണ്. ഇത്തരം വാർത്തകൾക്കു പിന്നിൽ സംഘടിത ശ്രമം ഉണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.
#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
​​കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 7 പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, നിസാമുദ്ദീന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്.

കേരളത്തില്‍ 295 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 14 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 5 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി ജില്ലയില്‍ നിന്നും 2 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നും 2 പേരുടെയും (കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍) പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലം നെഗറ്റീവ് ആണ്. കോട്ടയത്തെ വൃദ്ധ ദമ്പതികളും അവരെ ശുശ്രൂഷിച്ച നഴ്‌സും രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ 251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 42 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,997 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,69,291 പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 184 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9139 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8126 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala