COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡുകൾ തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പ്രത്യേക സഹായ പദ്ധതികള്‍.

👉 അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം.

10,000 രൂപ പലിശരഹിതവായ്പ.

👉 മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

സ്റ്റേജ് ക്യാരേജ്/കോണ്‍ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ.

ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ.

ടാക്സി തൊഴിലാളികള്‍ക്ക് 2500 രൂപ.

ഓട്ടോറിക്ഷ / ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ.

ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ.

👉 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

പലിശരഹിത വായ്പയായി 10,000 രൂപ വീതം.

ലോക്ക്ഡൗണ്‍ നീണ്ടുപോയാൽ 5000 കൂടി പ്രത്യേക വായ്പ.

👉 ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ്.

എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ.


👉 കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

1000 രൂപ വീതം ആശ്വാസ ധനം.

ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം.

കൊറോണ സംശയിച്ച് വീട്/ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് 5000 രൂപ സഹായം.

👉 കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്.

രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയ, 2018ലെ രജിസ്ട്രേഷന്‍ പുതുക്കല്‍ നടത്തിയവർക്ക് 1000 രൂപ സഹായം.

👉 കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായം.

ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായം.

👉 കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

ഒരു തൊഴിലാളിക്ക് 750 രൂപ.

👉 ബീഡി-ചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡ്

ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ രണ്ട് കോടി രൂപ.

👉 പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍
വായ്പാ തിരിച്ചടവിന് മൂന്നുമാസം വരെ മൊറോട്ടോറിയം.

മുടങ്ങുന്ന തിരിച്ചടവിന് അധിക ചാര്‍ജ് ഒഴിവാക്കി.

👉 കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് ക്ഷേമനിധി

അംഗങ്ങള്‍ക്ക് 3000 രൂപ വരെ ആശ്വാസധനം.
​​പ്രസ് റിലീസ് 04-04-2020
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി

1,71,355 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്-2) രോഗം വന്നത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
​​കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം രാവിലെ 9 മണിക്ക് യാത്ര സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും യാത്രയയച്ചു.

കാര്‍സര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനാണ് ഈ സംഘം യാത്ര തിരിക്കുന്നത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുന്നതുമാണ്.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
​​പ്രസ് റിലീസ് 05-04-2020
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 6 പേര്‍ രോഗമുക്തി നേടി

1,58,617 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

207 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
COVID-19 Kerala pinned «​​പ്രസ് റിലീസ് 05-04-2020 ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ് സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 6 പേര്‍ രോഗമുക്തി നേടി 1,58,617 പേര്‍ നിരീക്ഷണത്തില്‍ തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ…»
Forwarded from CMOKerala
കാസര്‍ഗോഡ് മെഡിക്കൽ കോളേജിനെ കോവിഡ് സെന്റർ ആക്കുന്നതിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു.

Works for upgrading Kasaragod Medical College into Covid Special Treatment Centre are progressing.
കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാല് ദിവസം കൊണ്ട് കാസര്‍കോട് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. കോവിഡ് ആശുപത്രിയായി മാറ്റിയ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ 26 പേരടങ്ങുന്ന വിദഗ്ധ സംഘം കാസര്‍കോട് എത്തിച്ചേർന്നു. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ വിദഗ്ധ സംഘത്തെ സ്വീകരിച്ചു. ഇവര്‍ക്കുള്ള ഗതാഗതം സുഗമമാക്കിയതും ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയതും കേരള പോലീസാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ഏകോപനത്തില്‍ 2 ഡോക്ടര്‍മാര്‍, 2 നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ 5 ടീമുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുക. കോവിഡ് ഒ.പി., കോവിഡ് ഐ.പി., കോവിഡ് ഐ.സി.യു. എന്നിവയെല്ലാം ഇവരുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കും.

അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാര്‍, ഡോ. രാജു രാജന്‍, ഡോ. മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ. ജോസ് പോള്‍ കുന്നില്‍, ഡോ. ഷമീം, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സജീഷ്, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഡോ. പ്രവീണ്‍, ഡോ. ആര്‍. കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ. എബി, പീഡിയാട്രിക്‌സിലെ ഡോ. മൃദുല്‍ ഗണേഷ്, സ്റ്റാഫ് നഴ്‌സുമാരായ ജോസഫ് ജെന്നിംഗ്‌സ്, എസ്.കെ. അരവിന്ദ്, പ്രവീണ്‍ കുമാര്‍, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിന്‍, എം.എസ്. നവീന്‍, റിതുഗാമി, ജെഫിന്‍ പി. തങ്കച്ചന്‍, ഡി. ശരവണന്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ ആര്‍.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണന്‍, എസ്. അതുല്‍ മനാഫ്, സി. ജയകുമാര്‍, എം.എസ്. സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്ത് സേവനം ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.

കടപ്പാട് - കൈരളി ടിവി, സണ്ണി, ഷൈജു
​​കോവിഡ്- 19 പകർച്ചവ്യാധി മൂലമുണ്ടായ ഈ പ്രത്യേക സാഹചര്യത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം ആളുകൾ പ്രായമേറിയവർ ആയിരിക്കും. പ്രത്യേകിച്ചും അവരിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുന്നവർ. പ്രായാധിക്യവും രോഗങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്കു പുറമേ, ലോക്ഡൗണും, രോഗവുമായി ബന്ധപ്പെട്ട വാർത്തകളും ഉണ്ടാക്കുന്ന ആശങ്കകളും മനപ്രയാസവും അവരെ വല്ലാതെ അലട്ടുന്നുണ്ടാകാം.

ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി സർക്കാർ കുടുംബശ്രീയെ ചുമതലപ്പെടുത്തിയിരുന്നു. ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളുമൊക്കെ അന്വേഷിച്ചു കൊണ്ടുള്ള വിളികൾ ഇനി വയോജനങ്ങളെ തേടിയെത്തും. ആദ്യഘട്ടത്തിൽ 1,20,000 പേരെ വിളിക്കും. ഇതിനായി 50 പേർക്ക് ഒരാൾ എന്ന നിലയിൽ സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്.

മൂന്നു ദിവസത്തെ ഇടവേളയിൽ മൂന്നു തവണ വിളിച്ച് വിവരങ്ങൾ ശേഖരിക്കും. രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികൾ ഉറപ്പു വരുത്തും. മരുന്നുകൾ ആവശ്യമെങ്കിൽ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടും.

ഈ സാഹചര്യത്തിൽ അവർക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് അതീവ പ്രാധാന്യം നൽകും. അവർക്കു പറയാനുള്ളത് ക്ഷമയോടെ കേൾക്കുകയും, അവർക്ക് ആശ്വാസം നൽകുന്നതിനു ശ്രമിക്കുകയും ചെയ്യും. അവരുടെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികളും കൈക്കൊള്ളും.

പിണറായി വിജയൻ
മുഖ്യമന്ത്രി
Forwarded from CMOKerala
മുംബൈയില്‍ 46 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് - 19 രോഗം സ്ഥിരീകരിച്ചതായാണ് വാര്‍ത്ത. 150ലേറെ നഴ്സുമാര്‍ അവിടെ നിരീക്ഷണത്തിലാണ്. ഡെല്‍ഹിയില്‍ ഏറ്റവുമൊടുവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലിചെയ്യേണ്ടിവരുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര, ഡെല്‍ഹി സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടും. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

പിണറായി വിജയൻ
മുഖ്യമന്ത്രി