COVID-19 Kerala
12.1K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
​​​​ഇന്ന് ലോകാരോഗ്യ ദിനമാണ്. ഇത്തവണ ഈ ദിവസം നഴ്സുമാരും പ്രസവശുശ്രൂഷകരും നമുക്കു വേണ്ടി നിർവഹിക്കുന്ന നിസ്തുലമായ സേവനത്തെക്കുറിച്ച് ഓർക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്നതിനും വേണ്ടി മാറ്റി വയ്ക്കാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം നഴ്സുമാരുടെ നിസ്വാർത്ഥവും ത്യാഗപൂർണവുമായ സേവനത്തിൻ്റെ വില അനുഭവിച്ചറിയുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കോവിഡ്-19 പകർച്ചവ്യാധിയെ നേരിടാൻ സ്വജീവൻ പണയം വച്ച് അവർ രാപ്പകൽ അധ്വാനിക്കുന്നത് നമ്മൾ കാണുന്നു.

കോവിഡ് - 19 ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ പ്രയത്നിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ രേഷ്മയെ പോലുള്ളവർ. രോഗീപരിചരണത്തിനിടയിൽ കോവിഡ് പിടിപ്പെട്ട രേഷ്മ, രോഗമുക്തി നേടി ഇറങ്ങുമ്പോൾ പറഞ്ഞ വാചകം ഓരോ ആരോഗ്യ പ്രവർത്തകരേയും ഉത്തേജിപ്പിക്കുന്നതായിരുന്നു. നിപയ്ക്കെതിരായ പോരാട്ടത്തിനിടയിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനിയുടെ ഓർമ്മകൾ ഊർജ്ജമായി കൂടെയുണ്ട്.
അർപ്പണബോധത്തോടെ നിർഭയമായി മുന്നോട്ടു പോകുന്ന ആരോഗ്യ പ്രവർത്തകർ സമൂഹത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കേരളത്തിൽ മാത്രമല്ല, ലോകത്തെമ്പാടും മലയാളി ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനം അഭിമാനം നൽകുന്നതാണ്.

ഒരുപാട് ത്യാഗങ്ങൾ സഹിച്ച് മറ്റുള്ളവരുടെ ആരോഗ്യം ഉറപ്പു വരുത്താൻ അധ്വാനിക്കുന്ന നഴ്സുമാരെ ഓർക്കുക മാത്രമല്ല, അവരുടെ തൊഴിൽ സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ട ദിവസം കൂടിയാണിന്ന്. അവരുടെ ക്ഷേമം നമ്മുടെ കരുതലുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. അതുറപ്പുവരുത്താൻ ഈ സമൂഹവും സർക്കാരും പ്രതിജ്ഞാബദ്ധമാണ്.
#WorldHealthDay