COVID-19 Kerala
12.7K subscribers
232 photos
22 videos
7 files
456 links
An initiative by the Government of Kerala to help citizens fight COVID-19 with official updates and verified information on COVID-19 in Kerala.
Download Telegram
കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാല് ദിവസം കൊണ്ട് കാസര്‍കോട് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. കോവിഡ് ആശുപത്രിയായി മാറ്റിയ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ 26 പേരടങ്ങുന്ന വിദഗ്ധ സംഘം കാസര്‍കോട് എത്തിച്ചേർന്നു. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാൽ വിദഗ്ധ സംഘത്തെ സ്വീകരിച്ചു. ഇവര്‍ക്കുള്ള ഗതാഗതം സുഗമമാക്കിയതും ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയതും കേരള പോലീസാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ ഏകോപനത്തില്‍ 2 ഡോക്ടര്‍മാര്‍, 2 നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ 5 ടീമുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുക. കോവിഡ് ഒ.പി., കോവിഡ് ഐ.പി., കോവിഡ് ഐ.സി.യു. എന്നിവയെല്ലാം ഇവരുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കും.

അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാര്‍, ഡോ. രാജു രാജന്‍, ഡോ. മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ. ജോസ് പോള്‍ കുന്നില്‍, ഡോ. ഷമീം, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സജീഷ്, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഡോ. പ്രവീണ്‍, ഡോ. ആര്‍. കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ. എബി, പീഡിയാട്രിക്‌സിലെ ഡോ. മൃദുല്‍ ഗണേഷ്, സ്റ്റാഫ് നഴ്‌സുമാരായ ജോസഫ് ജെന്നിംഗ്‌സ്, എസ്.കെ. അരവിന്ദ്, പ്രവീണ്‍ കുമാര്‍, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിന്‍, എം.എസ്. നവീന്‍, റിതുഗാമി, ജെഫിന്‍ പി. തങ്കച്ചന്‍, ഡി. ശരവണന്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ ആര്‍.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണന്‍, എസ്. അതുല്‍ മനാഫ്, സി. ജയകുമാര്‍, എം.എസ്. സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇത്രയും ദൂരം യാത്ര ചെയ്ത് സേവനം ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ.

കടപ്പാട് - കൈരളി ടിവി, സണ്ണി, ഷൈജു
​​കോവിഡ്- 19 പകർച്ചവ്യാധി മൂലമുണ്ടായ ഈ പ്രത്യേക സാഹചര്യത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന ഒരു വിഭാഗം ആളുകൾ പ്രായമേറിയവർ ആയിരിക്കും. പ്രത്യേകിച്ചും അവരിൽ ഒറ്റയ്ക്കു കഴിയേണ്ടി വരുന്നവർ. പ്രായാധിക്യവും രോഗങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്കു പുറമേ, ലോക്ഡൗണും, രോഗവുമായി ബന്ധപ്പെട്ട വാർത്തകളും ഉണ്ടാക്കുന്ന ആശങ്കകളും മനപ്രയാസവും അവരെ വല്ലാതെ അലട്ടുന്നുണ്ടാകാം.

ഈ പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി സർക്കാർ കുടുംബശ്രീയെ ചുമതലപ്പെടുത്തിയിരുന്നു. ഭക്ഷണവും രോഗാവസ്ഥയും മാനസിക ബുദ്ധിമുട്ടുകളുമൊക്കെ അന്വേഷിച്ചു കൊണ്ടുള്ള വിളികൾ ഇനി വയോജനങ്ങളെ തേടിയെത്തും. ആദ്യഘട്ടത്തിൽ 1,20,000 പേരെ വിളിക്കും. ഇതിനായി 50 പേർക്ക് ഒരാൾ എന്ന നിലയിൽ സന്നദ്ധ പ്രവർത്തകരെ ഏർപ്പാടാക്കിയിട്ടുണ്ട്.

മൂന്നു ദിവസത്തെ ഇടവേളയിൽ മൂന്നു തവണ വിളിച്ച് വിവരങ്ങൾ ശേഖരിക്കും. രോഗാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യ വകുപ്പിനും, ഭക്ഷണവും താമസവുമായി ബന്ധപ്പെട്ട വിവരങ്ങൾ തദ്ദേശഭരണ വകുപ്പിനും കൈമാറി അവശ്യമായ നടപടികൾ ഉറപ്പു വരുത്തും. മരുന്നുകൾ ആവശ്യമെങ്കിൽ അവ എത്തിക്കാനും കുടുംബശ്രീ ഇടപെടും.

ഈ സാഹചര്യത്തിൽ അവർക്കാവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് അതീവ പ്രാധാന്യം നൽകും. അവർക്കു പറയാനുള്ളത് ക്ഷമയോടെ കേൾക്കുകയും, അവർക്ക് ആശ്വാസം നൽകുന്നതിനു ശ്രമിക്കുകയും ചെയ്യും. അവരുടെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികളും കൈക്കൊള്ളും.

പിണറായി വിജയൻ
മുഖ്യമന്ത്രി
Forwarded from CMOKerala
മുംബൈയില്‍ 46 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് - 19 രോഗം സ്ഥിരീകരിച്ചതായാണ് വാര്‍ത്ത. 150ലേറെ നഴ്സുമാര്‍ അവിടെ നിരീക്ഷണത്തിലാണ്. ഡെല്‍ഹിയില്‍ ഏറ്റവുമൊടുവില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലിചെയ്യേണ്ടിവരുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര, ഡെല്‍ഹി സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടും. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

പിണറായി വിജയൻ
മുഖ്യമന്ത്രി
കേരളത്തില്‍ 13 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 2 പേര്‍ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ളവരില്‍ 6 പേര്‍ വിദേശത്ത് നിന്നും വന്നവരും 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. പത്തനംതിട്ടയിലുള്ളയാള്‍ വിദേശത്ത് നിന്നും വന്നതാണ്.

കേരളത്തില്‍ 327 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 3 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 266 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 59 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,804 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,52,009 പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,607 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

#StayHomeStaySafe #COVID19Kerala #BreakTheChain #KeralaModel #WeShallOvercome
@COVID19_Kerala
കോവിഡുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ലഭിക്കുന്ന വ്യാജ സന്ദേശങ്ങൾ/ സംശയാസ്പദമായ സന്ദേശങ്ങൾ എന്നിവ ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ആന്‍റി ഫേക്ക് ന്യൂസ് ഡിവിഷനിലേക്ക് കൈമാറുക
#FakeNews #COVID19Kerala
​​​​ഇന്ന് ലോകാരോഗ്യ ദിനമാണ്. ഇത്തവണ ഈ ദിവസം നഴ്സുമാരും പ്രസവശുശ്രൂഷകരും നമുക്കു വേണ്ടി നിർവഹിക്കുന്ന നിസ്തുലമായ സേവനത്തെക്കുറിച്ച് ഓർക്കുന്നതിനും അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്നതിനും വേണ്ടി മാറ്റി വയ്ക്കാനാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം നഴ്സുമാരുടെ നിസ്വാർത്ഥവും ത്യാഗപൂർണവുമായ സേവനത്തിൻ്റെ വില അനുഭവിച്ചറിയുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കോവിഡ്-19 പകർച്ചവ്യാധിയെ നേരിടാൻ സ്വജീവൻ പണയം വച്ച് അവർ രാപ്പകൽ അധ്വാനിക്കുന്നത് നമ്മൾ കാണുന്നു.

കോവിഡ് - 19 ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ പ്രയത്നിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ രേഷ്മയെ പോലുള്ളവർ. രോഗീപരിചരണത്തിനിടയിൽ കോവിഡ് പിടിപ്പെട്ട രേഷ്മ, രോഗമുക്തി നേടി ഇറങ്ങുമ്പോൾ പറഞ്ഞ വാചകം ഓരോ ആരോഗ്യ പ്രവർത്തകരേയും ഉത്തേജിപ്പിക്കുന്നതായിരുന്നു. നിപയ്ക്കെതിരായ പോരാട്ടത്തിനിടയിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനിയുടെ ഓർമ്മകൾ ഊർജ്ജമായി കൂടെയുണ്ട്.
അർപ്പണബോധത്തോടെ നിർഭയമായി മുന്നോട്ടു പോകുന്ന ആരോഗ്യ പ്രവർത്തകർ സമൂഹത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കേരളത്തിൽ മാത്രമല്ല, ലോകത്തെമ്പാടും മലയാളി ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനം അഭിമാനം നൽകുന്നതാണ്.

ഒരുപാട് ത്യാഗങ്ങൾ സഹിച്ച് മറ്റുള്ളവരുടെ ആരോഗ്യം ഉറപ്പു വരുത്താൻ അധ്വാനിക്കുന്ന നഴ്സുമാരെ ഓർക്കുക മാത്രമല്ല, അവരുടെ തൊഴിൽ സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും ഉറപ്പു വരുത്തുമെന്ന് ദൃഢനിശ്ചയം ചെയ്യേണ്ട ദിവസം കൂടിയാണിന്ന്. അവരുടെ ക്ഷേമം നമ്മുടെ കരുതലുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. അതുറപ്പുവരുത്താൻ ഈ സമൂഹവും സർക്കാരും പ്രതിജ്ഞാബദ്ധമാണ്.
#WorldHealthDay
​​കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 4 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 3 പേര്‍ കണ്ണൂര്‍ ജില്ലയിലുള്ളവരും ഓരോരുത്തര്‍ കൊല്ലം, മലപ്പുറം ജില്ലകളിലുള്ളവരുമാണ്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

കേരളത്തില്‍ 336 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 12 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടേയും എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ 263 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 71 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 11,232 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 10,250 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
COVID-19 Kerala pinned «​​കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 4 പേര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരും 3 പേര്‍ കണ്ണൂര്‍ ജില്ലയിലുള്ളവരും ഓരോരുത്തര്‍ കൊല്ലം, മലപ്പുറം ജില്ലകളിലുള്ളവരുമാണ്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും…»
​​കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് 4 ദിവസം കൊണ്ട് 7 കോടി രൂപ ചെലവഴിച്ച് അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. ഇത്രയേറെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കരുത്.

24.03.2012ലാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനായി കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. എന്നാല്‍ അവരുടെ ഭരണകാലത്ത് ഭൂമി മുഴവനായി ഏറ്റെടുക്കുകയോ ആശുപത്രിയുടെ നിര്‍മ്മാണം തുടങ്ങുകയോ ചെയ്തില്ല. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ട് മുമ്പ് 2016 ജനുവരിയി 28നാണ് അക്കാഡമിക് ബ്ലോക്കിന്റെ തറക്കല്ലിടല്‍ നടത്തിയത്. 2016 ഫെബ്രുവരി 25നാണ് നിര്‍മ്മാണം പ്രവര്‍ത്തനം തുടങ്ങിയത്. മാത്രമല്ല കാസര്‍ഗോഡ് വികസന പാക്കേജിന്റെ ഭാഗമായി അവര്‍ 6.19 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ആവശ്യമായ ഭൂമി പൂര്‍ണമായി ഏറ്റെടുത്ത് 25 കോടിയിലധികം തുക ചെലവഴിച്ചാണ് അക്കാഡമിക് ബ്ലോക്ക് പണി പൂര്‍ത്തിയാക്കിയത്. മന്ത്രിതലത്തിലുള്‍പ്പെടെ വ്യത്യസ്ഥ തലങ്ങളില്‍ നിരവധി യോഗങ്ങള്‍ കൂടിയാണ് നിര്‍മ്മാണം ത്വരിതഗതിയിലാക്കിയത്.

2018 നവംബര്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രി ബ്ലോക്കിന്റെ തറക്കല്ലിട്ടത്. 95.09 കോടി രൂപയാണ് ആശുപത്രിക്കായി വകയിരുത്തിയത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്. 2020 സെപ്റ്റംബര്‍ മാസത്തോടുകൂടി ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല 29.01 കോടി രൂപയുടെ ഹോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സ്, 8 ലക്ഷത്തിന്റെ കുടിവെള്ള സംവിധാനം, അക്കാഡമിക് ബ്ലോക്കിലെ 23 ലക്ഷത്തിന്റെ വെന്റിലേഷന്‍ സിസ്റ്റം, 80 ലക്ഷത്തിന്റെ ഇലിവേറ്റര്‍ സിസ്റ്റം എന്നിവയ്‌ക്കെല്ലാം ഈ സര്‍ക്കാരിന്റെ കാലത്താണ് അനുമതി നല്‍കിയത്.

മാര്‍ച്ച് 14ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി. തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടര്‍ന്നാണ് അത് മാറ്റിവച്ച് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കിയത്. ഒന്നാം ഘട്ടത്തില്‍ 7 കോടിയാണ് ഈ ആശുപത്രിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഇതെല്ലാം വസ്തുതയായിരിക്കെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട ഈ സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കരുത് .
​​കോവിഡ് 19ന്‍റെ ഭാഗമായി ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.18 ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി-അക്കൗണ്ട് നമ്പര്‍ 2 എന്ന പേരില്‍ പ്രത്യേക സബ് അക്കൗണ്ട് തുടങ്ങും. ട്രഷറിയിലും ഇതേ പേരില്‍ ട്രഷറി സേവിങ്സ് അക്കൗണ്ട് തുടങ്ങും. മാര്‍ച്ച് 27 മുതല്‍ സിഎംഡിആര്‍എഫ് അക്കൗണ്ടുകളില്‍ ലഭിച്ച തുക ഈ പുതിയ അക്കൗണ്ടുകളിലേക്കാണ് മാറ്റുക. ഔദ്യോഗിക വെബ്സൈറ്റില്‍ പാന്‍ഡമിക് റിലീഫിനുവേണ്ടി പ്രത്യേക ലിങ്ക് ഉണ്ടാവും. കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനായാസം സംഭാവന നല്‍കാനും ആ പ്രത്യേക ആവശ്യത്തിനുവേണ്ടിയുള്ള വിനിയോഗം സാധ്യമാക്കാനുമാണ് ഈ മാറ്റങ്ങള്‍.

https://donation.cmdrf.kerala.gov.in/
​​കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 300 കിടക്കകളോടുകൂടിയ ആശുപത്രി സൗകര്യങ്ങളാണ് കാസർഗോഡ് മെഡിക്കൽ കോളേജിൽ ഇപ്പോൾ സജ്ജമാക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങള്‍ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തും.
​​കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. നിസാമുദ്ദീനില്‍ നിന്നും വന്നവര്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലയിലുള്ളവരാണ്.

കേരളത്തില്‍ 345 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം (കൊല്ലം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നും 3 പേരുടെയും, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 259 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 84 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.

208 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,40,474 പേര്‍ നിരീക്ഷണത്തിലാണ് ഇവരില്‍ 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 11,986 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 10,906 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
COVID-19 Kerala pinned «​​കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ്…»
Forwarded from CMOKerala
ഇന്ന് പെസഹാ വ്യാഴം ആണ്. കോവിഡ് - 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ സാമൂഹിക ശുശ്രൂഷയുടെ പ്രാധാന്യമാണ് ഈ ദിനം നമ്മളെ ഓർമ്മിപ്പിക്കുന്നത്. ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ ശാരീരിക അകലം പാലിച്ച്, സാമൂഹിക ഒരുമ ഉയർത്തിപ്പിടിച്ചാണ് ലോകത്താകെ ഈ ദിനാചരണം നടത്തുന്നത്. എല്ലാവർക്കും ആശംസകൾ നേരുന്നു.

പിണറായി വിജയൻ
മുഖ്യമന്ത്രി
Forwarded from CMOKerala
കോവിഡ് -19ൻ്റെ പശ്ചാത്തലത്തിൽ യുഎഇയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുവാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. യുഎഇ മലയാളികൾക്ക് ആവശ്യമായ സുരക്ഷ മാർഗ്ഗങ്ങൾ, ഭക്ഷണം, മരുന്ന്, ക്വാറൻ്റൈൻ സൗകര്യങ്ങൾ, അടിയന്തര സഹായം തുടങ്ങിയവ ഉറപ്പു വരുത്താൻ ഇടപെടണം എന്ന് കത്തിൽ ആവശ്യപ്പെട്ടു.